രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ : കേരളം 
പിടിമുറുക്കി


തിരുവനന്തപുരം
ഛത്തീസ്ഗഢിനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റിൽ കേരളം പിടിമുറുക്കി. ഒന്നാം ഇന്നിങ്സിൽ 162 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം ഛത്തീസ്ഗഢിനെ രണ്ടാം ഇന്നിങ്സിലും കുഴപ്പത്തിലാക്കി. രണ്ടാംദിവസം കളി നിർത്തുമ്പോൾ ഛത്തീസ്ഗഢ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 റണ്ണെന്നനിലയിലാണ്.

സ്കോർ: ഛത്തീസ്ഗഢ് 149, 2–-10, കേരളം 311.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റണ്ണെന്നനിലയിൽ രണ്ടാംദിവസം തുടങ്ങിയ കേരളത്തിന് മുൻ ക്യാപ്റ്റൻമാരായ രോഹൻ പ്രേമും സച്ചിൻ ബേബിയും തുണയായി. ഇരുവരും 77 റൺവീതം നേടി. മൂന്നാം വിക്കറ്റിൽ 123 റൺ കൂട്ടിച്ചേർത്തു. തിരുവനന്തപുരം സ്വദേശിയായ രോഹൻ ഒന്നാംക്ലാസ് ക്രിക്കറ്റിൽ 5000 റൺ പൂർത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കേരള താരമാണ്.

മുപ്പത്താറുകാരന് 5069 റണ്ണായി. 90 രഞ്ജി മത്സരങ്ങളിൽ 4986 റൺ. 12 സെഞ്ചുറിയും 24 അർധ സെഞ്ചുറിയുമാണ് സമ്പാദ്യം. രഞ്ജിയിൽ കേരളത്തിനുവേണ്ടി കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ്. 157 പന്തിലാണ് രോഹൻ 77 റൺ നേടിയത്. അതിൽ ഏഴ് ഫോറും ഉൾപ്പെട്ടു. സച്ചിൻ ബേബിയുടെ 77 റൺ 171 പന്തിലാണ്. ആറ് ഫോറും ഒരു സിക്സറുമടിച്ചു. ക്യാപ്റ്റൻ സഞ്ജു സാംസൺ 54 പന്തിൽ 46 റണ്ണെടുത്തു. മൂന്നുവീതം ഫോറും സിക്സറുമടിച്ചു. കേരളത്തിന്റെ അവസാന ആറ് വിക്കറ്റുകൾ 82 റണ്ണെടുക്കുന്നതിനിടെ നഷ്ടപ്പെട്ടു.

ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റെടുത്ത് ഛത്തീസ്ഗഢിനെ തകർത്ത സ്പിന്നർ ജലജ് സക്സേന രണ്ടാം ഇന്നിങ്സിൽ അപകടം വിതയ്ക്കുന്നു. ജലജും വൈശാഖ് ചന്ദ്രനും ഓരോ വിക്കറ്റെടുത്തു. ഛത്തീസ്ഗഢ് ഇപ്പോഴും 152 റൺ പിറകിലാണ്.



from Sports || Deshabhimani ​Online ​News https://ift.tt/BRbgSc8

Post a Comment

Previous Post Next Post