മാറിപ്പോകൂ, മൊറോക്കോ നയിക്കട്ടെ

ആഫ്രിക്ക ഇനി ഇരുണ്ട ഭൂഖണ്ഡമല്ല. മൊറോക്കോ പകർന്ന വെളിച്ചം ആഫ്രിക്കയെ നയിക്കും. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കൻ രാജ്യം സെമിയിലെത്തി. പോർച്ചുഗലിനെ ഒറ്റ ഗോളിന് കീഴടക്കിയാണ് മൊറോക്കോയുടെ കുതിപ്പ്.

യൂസഫ് എൻ നെസ്റിയാണ് സ്വർണക്കപ്പിന്റെ വിലയുള്ള ഗോളടിച്ചത്. പോർച്ചുഗൽ ഗോളി ദ്യേഗോ കോസ്റ്റയ്ക്കുമുകളിലൂടെ ഗോപുരമായി വളർന്ന യൂസഫിന്റെ പൊള്ളുന്ന ഹെഡർ. ആ തലയിലേക്കെന്ന് പേരെഴുതിവച്ചപോലെ ക്രോസ് തൊടുത്ത യഹിയ അട്ടിയാത് അല്ലായോട് വൻകരയൊന്നാകെ കടപ്പെട്ടിരിക്കും.|

സമനില ഗോളിനായി പോർച്ചുഗൽ കിണഞ്ഞുശ്രമിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവന്നു. ബ്രൂണോ ഫെർണാണ്ടസിനും ഗോൺസാലോ റാമോസിനും സാധ്യമാകാത്തത് റൊണാൾഡോയ്ക്കുമായില്ല. പറങ്കിവീര്യത്തിനുമുന്നിൽ കോട്ടപോലെ നിലകൊണ്ട മൊറോക്കോയുടെ പ്രതിരോധം കളിയിൽ നിർണായകമായി. സ്പാനിഷ് കപ്പൽ മുക്കിയ ഗോൾകീപ്പർ യാസിൻ ബോണോ ഒരിക്കൽക്കൂടി വമ്പൻമാരുടെ പേടിസ്വപ്നമായി. ഗോളിലേക്ക് ഊർന്നിറങ്ങിയ നിരവധി ഷോട്ടുകളാണ് കുത്തിയകറ്റിയത്. അവസാന നിമിഷങ്ങൾ നാടകീയമായിരുന്നു. ഗോളടിക്കാനെത്തിയ പറങ്കിപ്പടയെ ആഫ്രിക്കൻ പോരാളികൾ നിർവീര്യമാക്കി. വാലിദ് ചെഡീരി ചുവപ്പുകാർഡ് കണ്ടതിനാൽ അവസാന അഞ്ച് മിനിറ്റ് 10 പേരുമായാണ് മൊറോക്കോ പൊരുതിയത്.

ആറാംലോകകപ്പ് കളിക്കുന്ന മൊറോക്കോയുടെ ആറാമത്തെ ജയംമാത്രമാണിത്. ഈ ലോകകപ്പിന് വരുംമുമ്പ് ജയിച്ചത് രണ്ട് കളി. ഇത്തവണ ആറ് കളിയിൽ എതിരാളികൾക്ക് മൊറോക്കോ വലയിൽ പന്തെത്തിക്കാൻ സാധിച്ചിട്ടില്ല. ക്യാനഡ നേടിയ ഗോളാവട്ടെ മൊറോക്കോയുടെ ദാനമായിരുന്നു.



from Sports || Deshabhimani ​Online ​News https://ift.tt/ju3vBba

Post a Comment

Previous Post Next Post