ലണ്ടൻ> മാഞ്ചസ്റ്റർ ടീമുകളുടെ പോരിൽ അവസാനചിരി യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന്. പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടപ്രതീക്ഷകൾക്ക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കനത്ത ആഘാതമേൽപ്പിച്ചു. 2–-1നാണ് ജയം.
ഇംഗ്ലീഷ് പ്രീമിയർ പോയിന്റ് പട്ടികയിൽ രണ്ടാമത് തുടരുകയാണ് സിറ്റി. ഒന്നാമതുള്ള അഴ്സണലിനെക്കാൾ അഞ്ച് പോയിന്റ് പിന്നിലായി. അഴ്സണലിന് ഒരു മത്സരം കുറവാണ്. യുണൈറ്റഡ് മൂന്നാംസ്ഥാനത്തേക്കുയർന്നു. സിറ്റിയുമായി ഒരു പോയിന്റ് മാത്രം വ്യത്യാസം.
ഓൾഡ് ട്രഫോർഡിൽ പിന്നിട്ടുനിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. മാർകസ് റാഷ്ഫഡിന്റേതായിരുന്നു വിജയഗോൾ. തുടർച്ചയായ ഏഴാംമത്സരത്തിലാണ് ഇംഗ്ലീഷുകാരൻ ഗോളടിക്കുന്നത്, ഒമ്പതാംഗോൾ.
ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം സിറ്റിയാണ് ലീഡ് നേടിയത്. പകരക്കാരൻ ജാക് ഗ്രീലിഷിന്റെ ഹെഡർ സിറ്റിയെ മുന്നിലെത്തിച്ചു. കെവിൻ ഡി ബ്രയ്നിന്റേതായിരുന്നു ക്രോസ്. 72–-ാംമിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണുപകരം അലെസാൻഡ്രോ ഗർണാച്ചോ എത്തിയതോടെ യുണൈറ്റഡിന്റെ കളി മാറി. ആറ് മിനിറ്റിനുള്ളിൽ സമനില ഗോളെത്തി. ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യംകണ്ടു. സിറ്റി താരങ്ങൾ ഓഫ് സൈഡെന്ന് വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. നാല് മിനിറ്റിനുള്ളിൽ ഗർണാച്ചോയുടെ നീക്കത്തിൽ റാഷ്ഫഡ് ഗോളടിച്ചു.
from Sports || Deshabhimani Online News https://ift.tt/sJMwlpr