ഫ്രഞ്ച്‌ കൊട്ടാരത്തിൽ മൊറോക്കോ ; രണ്ടാം സെമി ഇന്ന്‌ രാത്രി 12.30ന്


ഫ്രഞ്ചുകാരുടെ കോളനിയായിരുന്നു മൊറോക്കോ. രണ്ട് മഹാസമുദ്രങ്ങൾ അതിരിടുന്ന വടക്കൻ ആഫ്രിക്കൻ രാജ്യം ലോകകപ്പിന്റെ കളിമുറ്റത്ത് ആദ്യമായി ഫ്രാൻസിനെ വെല്ലുവിളിക്കുന്നു. ഫുട്ബോളിന്റെ അഴകും ശൗര്യവും നേർക്കുനേർ നിൽക്കുന്ന സെമിപ്പോരിൽ പ്രവചനം അസാധ്യം. കാരണം യൂറോപ്പിലെ വമ്പന്മാരായ ബൽജിയവും സ്പെയ്നും പോർച്ചുഗലും ആഫ്രിക്കൻ ശൗര്യത്തിനുമുന്നിൽ തോറ്റുപോയവരാണ്. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ബുധൻ രാത്രി 12.30നാണ് കളി.

ഫ്രഞ്ചുകാരിൽനിന്ന് 1956ൽ സ്വാതന്ത്ര്യം നേടിയ മൊറോക്കോയുടെ ചരിത്രമെഴുതുന്നവർ ഖത്തർ ലോകകപ്പ് മറക്കാനിടയില്ല. കിക്കോഫിനുമുമ്പ് ഒരു പ്രവചന പുസ്തകത്തിലും മൊറോക്കോയുടെ പേരില്ലായിരുന്നു. ഒറ്റ മിന്നലിൽ മറയുന്ന ആഫ്രിക്കൻ പ്രതിഭാസമെന്ന പരിഹാസമായിരുന്നു കൈമുതൽ. പക്ഷേ, സംഘടിത പ്രതിരോധവും ആസൂത്രിത പ്രത്യാക്രമണവും സമന്വയിപ്പിച്ച് മൊറോക്കോ വീരഗാഥയെഴുതി. ലോകകപ്പിന്റെ 92 വർഷചരിത്രത്തിൽ ആദ്യമായി സെമിയിലെത്തിയ ആഫ്രിക്കൻ ടീമായി.

കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു ആഫ്രിക്കൻ ടീം ലോകകപ്പ് നേടുമെന്നായിരുന്നു പെലെയുടെ പ്രവചനം. പുതിയ നൂറ്റാണ്ടിലെങ്കിലും ആ അത്ഭുതം സാധ്യമാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഫ്രാൻസാകട്ടെ കിരീടം നിലനിർത്താൻ ഒരുങ്ങുന്നു. ബ്രസീലിനും (1958, 1962) ഇറ്റലിക്കും (1934, 1938) മാത്രമാണ് തുടരെ രണ്ട് കിരീടം നേടാനായത്.മൊറോക്കോയുടെ പ്രതിരോധവും ഫ്രാൻസിന്റെ കിടയറ്റ മുന്നേറ്റനിരയും തമ്മിലുള്ള പൊരിഞ്ഞപോരായിരിക്കും കളിയുടെ സവിശേഷത. അന്തിമ വിജയിയെ അറിയുമ്പോൾ വൻകരകൾ നടുങ്ങാതിരിക്കട്ടെ.



from Sports || Deshabhimani ​Online ​News https://ift.tt/iLCS2Nc

Post a Comment

Previous Post Next Post