ലുസെയ്‌ൽ ഒരു ഇന്ദ്രജാലക്കോട്ട


ഫൈനലിന്റെ കവാടം തട്ടിത്തുറക്കുന്ന ഷോട്ട് ആരുടേതായിരിക്കുമെന്നാണ് ആകാംക്ഷ. രണ്ടുതവണ ലോക കിരീടം നേടിയ അർജന്റീന നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയെ നേരിടുമ്പോൾ പ്രവചനം അസാധ്യം. ഇരു ടീമുകളും ഷൂട്ടൗട്ട് ജയിച്ചാണ് സെമിയിലെത്തിയത്. അർജന്റീന നെതർലൻഡ്സിനെ മറികടന്നപ്പോൾ ക്രൊയേഷ്യ ബ്രസീലിനെ ഞെട്ടിച്ചു. ലയണൽ മെസി, ലൂക്കാ മോഡ്രിച്ച് എന്നിവരുടെ മാന്ത്രികസ്പർശം കളിയിൽ നിർണായകമാകും.

സെമിയിൽ കടന്നപ്പോഴെല്ലാം ഫൈനലിലെത്തിയ ചരിത്രമാണ് അർജന്റീനയ്ക്കുള്ളത്. ലോകകപ്പിൽ ഇത് ആറാംസെമി. 1978ലും 1986ലും ജേതാക്കളായി. 1930, 1990, 2014 വർഷങ്ങളിൽ റണ്ണറപ്പായിരുന്നു. ഖത്തറിൽ അർജന്റീന ടീമിന്റെ ശക്തിയും ദൗർബല്യങ്ങളും വ്യക്തമായ മത്സരങ്ങളായിരുന്നു. മെസിയാണ് നിർണായക റോളിൽ. ഗോളടിക്കാൻ എൺസോ ഫെർണാണ്ടസും ജൂലിയൻ അൽവാരെസും ഒപ്പമുണ്ട്. പ്രതിരോധത്തിലാണ് പ്രശ്നം. മാർക്കോസ് അക്യൂനയും ഗൊൺസാലോ മോണ്ടിയലും കാർഡ് കണ്ടതിനാൽ ടീമിലില്ല. അതോടെ നിക്കോളാസ് ഒട്ടമെൻഡിക്കും ലിസാൻഡ്രോ മാർട്ടിനെസിനും പണികൂടും. ഡി പോളും എൺസോ ഫെർണാണ്ടസും മക് അലിസ്റ്ററുമുള്ള മധ്യനിര അധ്വാനിച്ച് കളിക്കുന്നുണ്ട്.

തുടക്കത്തിൽ സാധ്യത കൽപ്പിക്കാതിരുന്ന ടീമാണ് ക്രൊയേഷ്യ. സ്ലാട്കോ ഡാലിച്ചെന്ന കോച്ചിന്റെകീഴിൽ ഒരേതാളത്തിലാണ് കളി. യുഗോസ്ലാവിയയുടെ ഭാഗമായിരുന്ന ക്രൊയേഷ്യ 1998ലാണ് പുതിയ ടീമായി അരങ്ങേറിയത്. അക്കുറി മൂന്നാംസ്ഥാനം. 2002ലും 2006ലും 2014ലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. 2018ലാണ് കത്തുന്ന ക്രൊയേഷ്യയെ കണ്ടത്. എല്ലാ പ്രവചനങ്ങളും കാറ്റിൽപ്പറത്തി ഫൈനലിൽ കടന്നു. ഫ്രാൻസിനോട് തോറ്റ് റണ്ണറപ്പായി.

മധ്യനിരയെ ചലിപ്പിക്കുന്ന മോഡ്രിച്ചാണ് ആണിക്കല്ല്. വയസ്സൻ പടയെന്ന് പേരുണ്ടെങ്കിലും പ്രതിരോധത്തിന് ചെറുപ്പമാണ്. ഗ്വാർഡിയോൾ, ബോണ സോസ, ദെയാൻ ലോവ്റൻ എന്നിവരെ മറികടക്കുക എളുപ്പമല്ല. കളി മെനയാൻ മാർസെലോ ബ്രോസോവിച്ച് കേമനാണ്. 33–-ാംവയസ്സിലും മുന്നേറ്റത്തിലെ മുള്ളാണ് ഇവാൻ പെരിസിച്ച്.

മെസിയെ കേന്ദ്രീകരിച്ചാണ് അർജന്റീനയുടെ കളി. സൗദിയോടേറ്റ തോൽവിയിൽ പാഠംപഠിച്ചാണ് പരിശീലകൻ ലയണൽ സ്കലോണി തുടർന്ന് ടീമിനെ ഒരുക്കിയത്. ഡച്ചിനെതിരെ പതിവുശൈലി വിട്ട് പ്രതിരോധത്തിൽ ആളെണ്ണംകൂട്ടി. ഇന്ന് മുന്നേറ്റത്തിൽ എയ്ഞ്ചൽ ഡി മരിയകൂടിയെത്താൻ സാധ്യതയുണ്ട്. ഡച്ചിനെതിരെ രണ്ട് ഗോൾ ലീഡ് നേടിയശേഷം സമനില വഴങ്ങിയതിന്റെ ആശങ്ക സ്കലോണിക്കുണ്ട്. മെസി കഴിഞ്ഞാൽ ടീമിലെ നിർണായക സാന്നിധ്യം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റേതാണ്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും എമിയുടെ മികവ് കണ്ടതാണ്. അച്ചടക്കമുള്ള കളിയാണ് ക്രൊയേഷ്യയുടേത്. മധ്യനിരയും പ്രതിരോധവും ഒന്നിനൊന്ന് മെച്ചം. ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് ഈ ലോകകപ്പിന്റെതന്നെ ഗോൾകീപ്പറാണ്. രണ്ട് പെനൽറ്റി ഷൂട്ടൗട്ടുകളിൽ ലിവാകോവിച്ച് നായകനായി. ക്വാർട്ടറിൽ ബ്രസീലിനെ മടക്കിയത് ഈ ഗോൾകീപ്പറുടെ മികവിലാണ്.

ഇരുടീമുകളും അഞ്ചുതവണ മുഖാമുഖം കണ്ടപ്പോൾ രണ്ട് ജയംവീതം പങ്കിട്ടു. ലോകകപ്പിൽ രണ്ടുതവണയാണ് ഏറ്റുമുട്ടിയത്. 1998ൽ അർജന്റീന ഒരു ഗോളിന് ജയിച്ചു. എന്നാൽ, 2018ൽ ക്രൊയേഷ്യ മൂന്ന് ഗോളിന് അർജന്റീനയെ തോൽപ്പിച്ചു. ലുസെയ്ൽ സ്റ്റേഡിയത്തിൽ രാത്രി 12.30നാണ് കളി.

സാധ്യതാ ടീം

അർജന്റീന: മാർട്ടിനെസ്, മോളിന, റൊമേറോ, ഒട്ടമെൻഡി, തഗ്ലിയാഫികോ, ഡി പോൾ, എൺസോ, മക് അലിസ്റ്റർ, ഡി മരിയ, മെസി, അൽവാരെസ്.

ക്രൊയേഷ്യ: ലിവാകോവിച്ച്, യുറാനോവിച്ച്, ലോവ്റെൻ, ഗ്വാർഡിയോൾ, ബോണ സോസ, മോഡ്രിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച്, പെട്കോവിച്ച്, പെരിസിച്ച്.


ലോകകപ്പിൽ അർജന്റീന–ക്രൊയേഷ്യ മൂന്നാമങ്കം
ലോകകപ്പിൽ അർജന്റീനയും ക്രൊയേഷ്യയും മുഖാമുഖം വരുന്നത് മൂന്നാംതവണ. 1998ലും 2018ലും ഗ്രൂപ്പ് ഘട്ടത്തിലാണ് ഇതിനുമുമ്പ് ഇരുടീമും ഏറ്റമുട്ടിയത്. ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് കളിച്ച 1998ൽ അർജന്റീന ഒരു ഗോളിന് ജയിച്ചു. മൗറീസിയോ ഹെക്ടർ പിനെഡയാണ് ഗോളടിച്ചത്. 12 തവണ ദേശീയ കുപ്പായമണിഞ്ഞ പ്രതിരോധക്കാരൻ പിനെഡ അർജന്റീനയ്ക്കായി നേടിയ ഏക ഗോളായിരുന്നു അത്. 20 വർഷങ്ങൾക്കുശേഷം റഷ്യയിലാണ് ഇരുടീമും വീണ്ടും ലോകകപ്പിൽ നേർക്കുനേർ വന്നത്. ഗ്രൂപ്പ് മത്സരത്തിൽ മൂന്ന് ഗോളിന് ക്രൊയേഷ്യ അർജന്റീനയെ തകർത്തു. ലൂക്കാ മോഡ്രിച്ച്, ഇവാൻ റാകിടിച്ച്, ആന്റെ റെബിച്ച് എന്നിവരാണ് ലക്ഷ്യംകണ്ടത്.

എമിലിയാനോ മാർട്ടിനെസ്
അർജന്റീന ഗോൾകീപ്പർ
വയസ്സ്: 30 മത്സരം: 24
ലോകകപ്പിൽ:
ക്ലീൻ ഷീറ്റ് 2, വഴങ്ങിയ ഗോൾ 5

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഴ്സണൽ വിട്ട് 2020ൽ ആസ്റ്റൺ വില്ലയിലേക്ക് കൂടുമാറിയതോടെയാണ് എമിലിയാനോ മാർട്ടിനെസിന്റെ സമയം തെളിഞ്ഞത്. അതുവരെ രണ്ടാംനമ്പർ ഗോളിയായിരുന്ന അർജന്റീനക്കാരൻ വില്ലയിൽ തകർപ്പൻ കളി പുറത്തെടുത്തു. ഏറെനാളായി അർജന്റീന തേടുകയായിരുന്ന വിശ്വസ്തനായ കാവൽക്കാരനായി പെട്ടെന്ന് മാർട്ടിനെസ് മാറി. 2021ൽ അരങ്ങേറ്റം. ആ വർഷംതന്നെ കോപ അമേരിക്കയിൽ ടീമിനെ ചാമ്പ്യന്മാരാക്കി. സെമിയിൽ കൊളംബിയക്കെതിരായ ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ തടഞ്ഞു. ഖത്തറിൽ അത്ര നല്ല തുടക്കമായിരുന്നില്ല. പക്ഷേ, പതുക്കെ താളം കണ്ടെത്തി. സമ്മർദഘട്ടങ്ങളിൽ ആ കൈ ചോർന്നില്ല. ക്വാർട്ടർ ഷൂട്ടൗട്ടിൽ നെതർലൻഡ്സ് ക്യാപ്റ്റൻ വിർജിൽ വാൻ ഡിക്കിന്റെയും സ്റ്റീവൻ ബെർഗുയിസിന്റെയും പെനൽറ്റികൾ തടുത്തു. ഇരുകൈകളും അനായാസം ഉപയോഗിക്കുമെന്നതാണ് മാർട്ടിനെസിന്റെ സവിശേഷത. വായുവിലൂടെ പറക്കാനും മിടുക്കൻ. ഷൂട്ടൗട്ട് സ്പെഷ്യലിസ്റ്റുമാണ്. കരുത്തരായ ക്രൊയേഷ്യക്കെതിരെ ഈ കാവൽക്കാരന്റെ പ്രകടനം അർജന്റീനയ്ക്ക് വളരെ നിർണായകമാണ്.

ഡൊമിനിക് ലിവാകോവിച്ച്
ക്രൊയേഷ്യ ഗോൾകീപ്പർ
വയസ്സ്: 27 മത്സരം: 39
ലോകകപ്പിൽ: ക്ലീൻ ഷീറ്റ് 2, വഴങ്ങിയ ഗോൾ 3

നാല് വർഷംമുമ്പ് റഷ്യയിൽ പകരക്കാരുടെ ബെഞ്ചിലായിരുന്നു ഡൊമിനിക് ലിവാകോവിച്ചിന്റെ സ്ഥാനം. ഒന്നാംനമ്പർ ഗോൾകീപ്പർ ഡാനിയേൽ സുബാസിച്ചിന്റെ ഓരോ ചലനങ്ങളും കണ്ടുപഠിച്ചു. കഴിഞ്ഞ ലോകകപ്പിൽ സുബാസിച്ചിന്റെ മിടുക്കിൽക്കൂടിയാണ് ക്രൊയേഷ്യ ഫൈനൽവരെ കുതിച്ചത്. ഡെൻമാർക്കിനെതിരെയും റഷ്യക്കെതിരെയും ഈ ഗോളി ക്രൊയേഷ്യയ്ക്ക് ജയം സമ്മാനിച്ചു. മുൻഗാമിയുടെ പാത പിന്തുടരുകയാണ് ലിവാകോവിച്ച്. ഖത്തറിൽ ഗോളിമാരുടെ പ്രകടനം നോക്കിയാൽ എല്ലാത്തിലും മുന്നിലുണ്ട്. സ്വന്തം വലയിലേക്കുവന്ന ആകെ 65 ഗോൾശ്രമങ്ങളെ ചെറുത്തു. ക്വാർട്ടറിൽ ബ്രസീലിനെതിരെമാത്രം 11 രക്ഷപ്പെടുത്തലുകൾ. ആകെ നാല് പെനൽറ്റികളും തടഞ്ഞു. ഷൂട്ടൗട്ടിൽ ജപ്പാനെതിരെ മൂന്നും ബ്രസീലിനെതിരെ ഒന്നും തട്ടിയകറ്റി. ക്രൊയേഷ്യൻ വലയ്ക്കുനേരേ വന്ന 91 ശതമാനം പന്തുകളും ചെറുത്തു എന്നാണ് കണക്ക്. സാങ്കേതികമികവാണ് ലിവാകോവിച്ചിന്റെ ബലം. പന്ത് ഏതുദിശയിൽ വന്നാലും കൃത്യമായ വിദ്യ ഉപയോഗിച്ച് ചാടിപിടിക്കും ഈ ഡൈനാമോ സാഗ്രെബുകാരൻ. സെമിയിൽ അർജന്റീന ഭയക്കുന്നതും ഈ വൻമതിലിനെയാണ്.



from Sports || Deshabhimani ​Online ​News https://ift.tt/aUrvTcm

Post a Comment

Previous Post Next Post