ദോഹ> ലോകകപ്പിൽ കൂടുതൽ ഗോൾ നേടുന്ന താരത്തിനുനൽകുന്ന സുവർണപാദുകത്തിനായി കടുത്ത പോരാട്ടം. ഫ്രാൻസിന്റെയും അർജന്റീനയുടെയും രണ്ട് കളിക്കാർവീതമാണ് മത്സര രംഗത്തുള്ളത്. അഞ്ച് ഗോളുകൾവീതം നേടി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയുമാണ് ഒന്നാമതുള്ളത്. നാല് ഗോളുകൾവീതം നേടി ഫ്രാൻസിന്റെ ഒളിവർ ജിറൂവും അർജന്റീനൻ യുവതാരം ജൂലിയൻ അൽവാരെസും തൊട്ടുപിന്നിലുണ്ട്.
ഗോളുകളിൽ തുല്യത പാലിച്ചാൽ കൂടുതൽ ഗോളവസരമൊരുക്കിയ താരത്തിനാകും പുരസ്കാരം. അതിലും തുല്യത പാലിച്ചാൽ കുറച്ചുസമയം കളിച്ച താരത്തിന് പുരസ്കാരം ലഭിക്കും. നിലവിൽ അഞ്ച് ഗോൾ നേടുകയും മൂന്ന് ഗോളവസരവം ഒരുക്കുകയും ചെയ്ത ലയണൽ മെസിയാണ് മുന്നിൽ. എംബാപ്പെ രണ്ട് ഗോളവസരമാണ് ഒരുക്കിയത്. മെസി ഇതുവരെ 570 മിനിറ്റ് കളത്തിൽ ചെലവിട്ടപ്പോൾ എംബാപ്പെ 477 മിനിറ്റാണ് കളിച്ചത്.
സുവർണ കൈയുറ
മികച്ച ഗോൾകീപ്പർക്കുള്ള സുവർണ കൈയുറയ്ക്കായി അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ്, ഫ്രാൻസിന്റെ ഹ്യൂഗോ ലോറിസ്, ക്രൊയേഷ്യയുടെ ഡൊമിനിക് ലിവാകോവിച്ച്, മൊറോക്കോയുടെ യാസിൻ ബോണോ എന്നിവരാണ് രംഗത്ത്. ഫിഫയുടെ സാങ്കേതികസമിതിയാണ് ജേതാവിനെ തെരഞ്ഞെടുക്കുക. ഒന്നിലധികം ഗോൾകീപ്പർമാർ തുല്യത പാലിക്കുന്നതായി കണ്ടാൽ കൂടുതൽ ഷോട്ട് തടുത്ത കണക്ക്, കൂടുതൽ രക്ഷപ്പെടുത്തലുകൾ, കൂടുതൽ സമയം കളിച്ച താരം എന്നിവ നോക്കി ജേതാവിനെ പ്രഖ്യാപിക്കും.
സ്വർണപ്പന്ത്
ലയണൽ മെസിയും കിലിയൻ എംബാപ്പെയുമാണ് സ്വർണപ്പന്തിനായുള്ള പോരാട്ടത്തിൽ മുന്നിൽ. ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ഫ്രാൻസിന്റെ ഒൺടോയ് ഗ്രീസ്മാൻ എന്നിവരും മത്സര രംഗത്തുണ്ട്. ഫിഫയുടെ സാങ്കേതികസമിതിയാണ് താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുക. ആഗോളതലത്തിൽ തെരഞ്ഞെടുത്ത മാധ്യമ പ്രവർത്തകർ വോട്ട് ചെയ്ത് പുരസ്കാര ജേതാവിനെ കണ്ടെത്തും.
from Sports || Deshabhimani Online News https://ift.tt/VgJBuiF