മലപ്പുറം
ഐ ലീഗ് ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്സിക്ക് കിരീടം നിലനിർത്താൻ ഇനിയുള്ള കളികൾ നിർണായകം. പോയിന്റ് പട്ടികയിൽ അഞ്ചാംസ്ഥാനത്തുള്ള ഗോകുലം ഇന്ന് ഗോവ ചർച്ചിൽ ബ്രദേഴ്സുമായി എറ്റുമുട്ടും. വൈകിട്ട് 4.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഒമ്പത് കളിയിൽ നാല് ജയവും മൂന്ന് സമനിലയുമടക്കം 15 പോയിന്റുമായി ഗോകുലം അഞ്ചാംസ്ഥാനത്തുണ്ട്. മൂന്നുവീതം ജയവും സമനിലയും തോൽവിയുമായി ചർച്ചിൽ ഏഴാംസ്ഥാനത്താണ്. 12 പോയിന്റാണ് ചർച്ചിലിന്റെ സമ്പാദ്യം.
ലീഗിന്റെ തുടക്കത്തിലുണ്ടായിരുന്ന മികവ് പിന്നീട് നിലനിർത്താൻ ഗോകുലത്തിന് കഴിഞ്ഞിരുന്നില്ല. പുതിയ പരിശീലകൻ സ്പെയിൻകാരൻ ഫ്രാൻസെസ് ബോണറ്റിനുകീഴിലാണ് ടീം കളത്തിലിറങ്ങുന്നത്. ഇടക്കാലത്ത് നഷ്ടമായ ഫോം വീണ്ടെടുക്കാനുള്ള കഠിനശ്രമത്തിലാണ് ഗോകുലം. സീസണിന്റെ തുടക്കത്തിൽ ടീമിനെ പരിശീലിപ്പിച്ച കാമറൂൺകാരൻ റിച്ചാർഡ് ടോവയെ പുറത്താക്കിയിരുന്നു.
സ്പാനിഷ് താരങ്ങളായ ജൂലിയൻ ഒമർ റാമോസി സുവാരസിനെയും സെർജിയോ മെൻഡിഗട്സിയ ഇഗ്ലേഷ്യസിനെയും പുതുതായി ടീമിൽ എത്തിച്ചാണ് ടീം കരുത്തുനേടാൻ ശ്രമിക്കുന്നത്. ഗോൾ അവസരം ഉണ്ടാക്കുന്നതിലും ഫിനിഷിങ്ങിലുമുള്ള പോരായ്മ പരിഹരിക്കാൻ മുന്നേറ്റക്കാരൻ സെർജിയോയുടെയും മധ്യനിരതാരം ഒമർ റമോസിന്റെയും വരവ് സഹായകരമാകുമെന്നാണ് ഗോകുലത്തിന്റെ പ്രതീക്ഷ. സെർജിയോ മെൻഡി നെറോക്ക എഫ്സിക്കും ഒമർ റാമോസ് രാജസ്ഥാൻ യുണൈറ്റഡ് എഫ്സിക്കും വേണ്ടിയാണ് ഐ-ലീഗിൽ കളിച്ചത്.
from Sports || Deshabhimani Online News https://ift.tt/fkLoPNJ